ഇന്ത്യ vs ന്യൂസീലൻഡ് രണ്ടാം ട്വന്റി20- India vs New Zealand, 2nd T20I | Sanju Samson | Match Updates


റായ്പുർ ∙ വർഷങ്ങൾക്കു ശേഷമുള്ള രണ്ട് അർധസെഞ്ചറിയുടെ മികവിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കു തകർപ്പൻ ജയം. രണ്ടര വർഷത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിൽ അർധസെഞ്ചറി നേടിയ ഇഷാൻ കിഷനും (32 പന്തിൽ 76) ഒന്നരവർഷമായിട്ടുള്ള ട്വന്റി20യിലെ അർധസെഞ്ചറി ക്ഷാമം തീർത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (37 പന്തിൽ 82*) ഇന്ത്യയുടെ വിജയശിൽപികൾ. ന്യൂസീലൻഡ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം വെറും 15.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഏഴു വിക്കറ്റ് ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0നു ലീഡുയർത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയിൽ.

മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സഞ്ജു സാംസണെ (5 പന്തിൽ 6) ഇന്ത്യയ്ക്കു നഷ്ടമായി. തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു, രണ്ടാം പന്തിൽ കിട്ടിയ ലൈഫ് കളഞ്ഞുകുളിച്ചാണ് അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായത്. ഒരു സിക്സറിലൂടെ ആറു റൺസ് നേടിയ താരത്തെ മാറ്റ് ഹെൻറിയാണ് രചിൻ രവീന്ദ്രയുടെ കൈകളിൽ എത്തിച്ചത്. തൊട്ടടുത്ത ഓവറിൽ പവർഹിറ്റർ അഭിഷേക് ശർമ (0) ഗോൾഡൻ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 1.1 ഓവറിൽ 2ന് 6 എന്ന നിലയിലായി. എന്നാൽ പിന്നീടാണ് ഇന്ത്യയുടെ യഥാർഥ കളി തുടങ്ങിയത്.

വർഷങ്ങൾക്കു ശേഷം തന്നെ ടീമിൽ തിരിച്ചെടുത്തത് വെറുതെയല്ലെന്നു തെളിയിക്കാനുള്ള അവസരം ശരിക്കും മുതലാക്കിയ ഇഷാൻ കിഷൻ തകർത്തടിച്ചതോടെ ഇന്ത്യ സ്കോർബോർഡ് കുതിച്ചു. മറുവശത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കാഴ്ചകാരനാക്കി ന്യൂസീലൻഡ് ബോളർമാരെ ഇഷാൻ കിഷൻ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവർപ്ലേ അവസാനിക്കും മുൻപു തന്നെ വെറും 21 പന്തിൽ താരം അർധസെഞ്ചറി തികച്ചു. ന്യൂസീലൻഡിനെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധസെഞ്ചറിയാണ് ഇത്. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ അർധസെഞ്ചറി തികച്ച അഭിഷേക് ശർമയുടെ റെക്കോർഡാണ് തൊട്ടടുത്ത മത്സരത്തിൽ ഇഷാൻ തകർത്തത്. രാജ്യാന്തര ട്വന്റി20യിൽ രണ്ടര വർഷത്തിനു ശേഷമാണ് ഇഷാൻ അർധസെഞ്ചറി നേടുന്നത്. 2023 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഇഷാൻ ഇതിനു മുൻപ് അർധസെഞ്ചറി നേടിയത്.

പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 75 എന്ന നിലയിലായിരുന്നു ഇന്ത്യൻ സ്കോർ. രാജ്യാന്തര ട്വന്റി20യിൽ ന്യൂസീലൻ‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. 2007 ട്വന്റി20 ലോകകപ്പിൽ നേടിയ 1ന് 76 എന്നതാണ് ഒന്നാമത്. ഇതിനു പിന്നാലെ സൂര്യകുമാർ യാദവും ഗിയർ മാറ്റിയതോടെ ഇന്ത്യ സ്കോർ പറന്നു. എട്ടാം ഓവറിൽ സ്കോർ 100 കടന്നു. ഒൻപതാം ഓവറിൽ ഇഷാൻ കിഷനെ ഇഷ് സോദി പുറത്താക്കുമ്പോൾ ഇന്ത്യൻ സ്കോർ 128ൽ എത്തിയിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, സൂര്യകുമാർ യാദവിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ അതിവേഗം വിജയത്തിലേക്ക് അടുത്തു. 23 പന്തിലാണ് സൂര്യകുമാർ യാദവ് അർധസെഞ്ചറി തികച്ചത്. 2024 ഒക്ടോബറിൽ ബംഗ്ലദേശിനെതിരെ അർധസെ‍ഞ്ചറി നേടിയ ശേഷം 23 ഇന്നിങ്സുകൾക്ക് ശേഷമാണ് സൂര്യകുമാർ ഒരു അർധസെഞ്ചറി നേടുന്നത്. ഇതിനു ശേഷം ‘ബീസ്റ്റ്’ മോ‍ഡിലായ ‘വിന്റേജ്’ സൂര്യകുമാറിനെയാണ് കണ്ട്. നാല് സിക്സും 9 ഫോറുമാണ് സൂര്യയുടെ ബാറ്റിൽനിന്നു പിറന്നത്. അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെ (18 പന്തിൽ 36*) മൂന്നു സിക്സും ഒരു ഫോറുമടിച്ചു. ന്യൂസീലൻഡ് ബോളർമാരിൽ സക്കറി ഫോൾക്സ് മൂന്ന് ഓവറിൽ 67 റൺസാണ് വഴങ്ങിയത്.

∙ തുടക്കവും ഒടുക്കവും ഗംഭീരം

ഇടയ്ക്കൊന്ന് പരുങ്ങിയെങ്കിലും തുടക്കവും ഒടുക്കവും ഗംഭീരമാക്കിയാണ് ന്യൂസീലൻഡ് മികച്ച സ്കോർ നേടിയത്. ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസെടുത്തത്. 27 പന്തിൽ 47 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് കിവീസ് സ്കോർ 200 കടത്തിയത്. രചിൻ രവീന്ദ്ര 26 പന്തിൽ 44 റൺസെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ പത്ത് ഓവറിൽ 3ന് 111 എന്ന നിലയിലായിരുന്ന കിവീസിനെ മധ്യഓവറുകളിൽ പിടിച്ചുകെട്ടിയതോടെയാണ് സ്കോർ 208ൽ ഒതുങ്ങിയത്.

ആദ്യ മത്സരത്തിൽ ബോളിങ്ങിന്റെ മൂർച്ച നഷ്ടപ്പെട്ട ഇന്ത്യയ്ക്ക്, രണ്ടാം മത്സരത്തിലും അതു തന്നെ ആവർത്തിക്കുകയായിരുന്നു. അർഷ്‌ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 18 റൺസാണ് ഡെവോൺ കോൺവേ (9 പന്തിൽ 19) അടിച്ചുകൂട്ടിയത്. മറ്റൊരു ഓപ്പണർ ടിം സീഫെർട്ടും (13 പന്തിൽ 24) അതേ രീതിയിൽ അടി തുടർന്നതോടെ ന്യൂസീലൻഡ് സ്കോർ അതിവേഗം കുതിച്ചു. ആദ്യ മൂന്ന് ഓവറിൽ തന്നെ കിവീസ് സ്കോർ 43ൽ എത്തി. നാലാം ഓവറിൽ കോൺവെയെ പുറത്താക്കി ഹർഷിത് റാണയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക് ത്രൂ നൽകിയത്. തൊട്ടടുത്ത ഓവറിൽ സീഫെർട്ടിനെ വരുൺ ചക്രവർത്തിയും വീഴ്ത്തി.

 രണ്ടാം ട്വന്റി20 മത്സരത്തിൽ ന്യൂസീലൻഡിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഘോഷം. (PTI Photo/Karma Bhutia)
രണ്ടാം ട്വന്റി20 മത്സരത്തിൽ ന്യൂസീലൻഡിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഘോഷം. (PTI Photo/Karma Bhutia)

എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രചിൻ രവീന്ദ്ര– ഗ്ലെൻ ഫിലിപ്സ് സഖ്യം റൺറേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. നാല് സിക്സും രണ്ടും ഫോറു സഹിതം കളം നിറഞ്ഞ രചിനായിരുന്നു കൂടുതൽ അപകടകാരി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 9–ാം ഓവറിൽ ഫിലിപ്സിനെ വീഴ്ത്തി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേയ്ക്കും സ്കോർ 98ൽ എത്തിയിരുന്നു. പിന്നാലെ എത്തിയ ഡാരിൽ മിച്ചലും (11 പന്തിൽ 18) മോശമാക്കിയില്ല. 13–ാം ഓവറിൽ മിച്ചലിനെ  ശിവം ദുബെ പുറത്താക്കി. അർധസെഞ്ചറിയിലേക്കു കുതിച്ച രചിൻ രവീന്ദ്രയെ തൊട്ടടുത്ത ഓവറിൽ കുൽദീപും പുറത്താക്കി.

ഇതോടെ അവസാന ഓവറുകളിൽ ന്യൂസീലൻഡിനെ പിടിച്ചുകെട്ടാമെന്നു പ്രതീക്ഷിച്ചെങ്കിലും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ കളംപിടിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ മാർക് ചാപ്‌മാനെയും (13 പന്തിൽ 10), ഏഴാം വിക്കറ്റിൽ സക്കറി ഫോൾക്സിനെയും (8 പന്തിൽ 15*) കൂട്ടുപിടിച്ച് സാന്റ്നർ തകർത്തടിച്ചതോടെയാണ് ന്യൂസീലൻഡ് സ്കോർ 200 കടന്നത്. ഒരു സിക്സും ആറു ഫോറും സഹിതമായിരുന്നു സാന്റ്നറുടെ ഇന്നിങ്സ്. മധ്യ ഓവറുകളിൽ കിവീസിനെ പിടിച്ചുകെട്ടിയെങ്കിലും അവസാന മൂന്ന് ഓവറുകളിൽ 47 റൺസാണ് ഇന്ത്യ വഴങ്ങിയത്. നാല് ഓവറിൽ 53 റൺസ് വിട്ടുകൊടുത്ത അർഷ്‌ദീപ് സിങ്ങാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. വിക്കറ്റൊന്നും വീഴ്ത്താനും അർഷ്‌ദീപിനായില്ല.

∙ രണ്ടാം മത്സരത്തിൽ രണ്ടു മാറ്റം

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യൻ ഇറങ്ങുന്നത്. കൈവിരലിനു പരുക്കേറ്റ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ പുറത്തായപ്പോൾ പേസർ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചു. ഇവർക്കു പകരം സ്പിന്നർ കുൽദീപ് യാദവും പേസർ ഹർഷിത് റാണയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ന്യൂസീലൻഡ് ടീമിൽ മൂന്നു മാറ്റമുണ്ട്. ടിം റോബിൻസൻ, കീൽ ജാമിസൻ, ക്രിസ്റ്റ്യൻ ക്ലാർക്ക് എന്നിവർ പുറത്തായപ്പോൾ ടിം സീഫെർട്ട്, സക്കറി ഫോൾക്സ്, മാറ്റ് ഹെൻറി എന്നിവർ പ്ലേയിങ് ഇലവനിലെത്തി.



Source link

Leave a Reply

Your email address will not be published. Required fields are marked *